ഭീകരതയും ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ല: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകണമെന്ന് പ്രധാനമന്ത്രി

ടോക്കിയോ: ഭീകരതയും ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിയിലെ ഭീകരവാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം ആശങ്ക ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ രീതിയിലാകണം. അതിന് ഇസ്ലാമാബാദിൽ ഭീകര മുക്ത അന്തരീക്ഷം സൃഷ്ടിക്കണം. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിലവിൽ ജപ്പാൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. ജി 7 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ജപ്പാനിൽ എത്തിയത്. ഓസ്ട്രേലിയയിലും അദ്ദേഹം സന്ദർശനം നടത്തും. ജി 7 ഉച്ചകോടി ഉൾപ്പെടെ 40 ഓളം പരിപാടികളിൽ ആണ് അദ്ദേഹം പങ്കെടുക്കുക.