ഇനിയും ആക്രമണത്തിന് സാധ്യത; കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

കോട്ടയം: എരുമേലി കണമലയിൽ രണ്ടു പേരെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് ജില്ലാ കളക്ടർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല ജില്ലാ പോലീസ് മേധാവിയ്ക്കാണ്. കോട്ടയത്ത് രണ്ടുപേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച്ച രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണം നടന്നത്. വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ മേഖലയിൽ നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.