കൊച്ചി: ഏലത്തൂർ ട്രെയിൻ തീവെയ്പ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത യുവാവിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം മുഹമ്മദ് മോനിസിനോട് ആവശ്യപ്പെട്ടിരുന്നു.
ഏലത്തൂർ ട്രെയിൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉൾപ്പെടെ 9 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്തതിൽ നിന്നും ഫോൺ രേഖകളിൽ നിന്നുമൊക്കെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രതിയ്ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നാണ് കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ഇയാളുമായി അടുപ്പമുണ്ടായിരുന്നവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

