കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യങ്ങളിൽ ബാക്കിയായവ ശാസ്ത്രീയമായി തരം തിരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ദേശീയ ഹരിത ട്രൈബ്യൂണൽ ഇതുസംബന്ധിച്ച് സർക്കാരിന് അനുമതി നൽകി. തീപിടിത്തത്തിൽ ബാക്കിയായ ചാരമുൾപ്പെടെയുള്ളവ വെള്ളം ഇറങ്ങാത്ത രീതിയിൽ മണ്ണിട്ട് മൂടും. മൺസൂൺ മഴയിൽ സമീപത്തുള്ള കടമ്പ്രയാറിലേക്ക് വിഷംകലർന്ന മലിന ജലം ഒഴുകിയെത്താതിരിക്കാനാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കുന്നത്.
പ്ലാസ്റ്റിക് കത്തിയ ചാരവും മണ്ണും കൂടിക്കലർന്ന് ഏകദേശം 95923 മെട്രിക്ട് ടൺ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. ജലാശയങ്ങൾ വിഷമയമാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് തൽക്കാലത്തേക്ക് ഈ ഭാഗം ‘ക്യാപ്പിംഗ്’ നടത്താനുള്ള അനുമതി ഹരിത ട്രൈബ്യൂണൽ നൽകിയത്. ചാരവും കെട്ടിക്കിടക്കുന്ന മാലിന്യവും വേർതിരിച്ചു നീക്കം ചെയ്യാൻ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സർക്കാർ വിശദീകരണം നൽകിയിരുന്നു. തുടർന്നായിരുന്നു ട്രൈബ്യൂണലിന്റെ തീരുമാനം.
മഴക്കാലത്തിനു ശേഷം ചാരം കലർന്ന ഈ മണ്ണിലെ മറ്റു വസ്തുക്കൾ നീക്കം ചെയ്ത ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കും.

