തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് തുടർന്ന് സർക്കാർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നീന്തൽകുളത്തിന്റെ മൂന്നാംഘട്ട പരിപാലനത്തിനായി ആണ് പണം അനുവദിച്ചത്. 38 ലക്ഷം രൂപയാണ് ഇതുവരെ നീന്തൽകുളത്തിനായി അനുവദിച്ചു നൽകിയത്. നീന്തൽകുളത്തിന്റെ നവീകരണ ചുമതല ഊരാളുങ്കലിനാണ്.
കഴിഞ്ഞവർഷം അവസാനം പുറത്തുവന്ന രേഖകൾ പ്രകാരം 2016 മെയ് മുതൽ 2022 നവംബർ 14 വരെ 31,92,360 രൂപയാണ് ക്ലിക്ക് ഹൗസിലെ നീന്തൽ കുളത്തിനായി ചെലവഴിച്ചത്. കുളം നവീകരിക്കാൻ 18,06,789 രൂപ ചെലവിട്ടു. മേൽക്കുര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപ ചെലവായി. വാർഷിക അറ്റകുറ്റപ്പണികൾക്ക് രണ്ട് തവണയായി 6 ലക്ഷം രൂപയും ചെലവായി.
കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോഴാണ് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. നേരത്തെ ക്ലിഫ് ഹൗസിൽ ചുറ്റും മതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ലിഫ്റ്റ് നിർമ്മാണത്തിനായി 25.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

