പാർട്ടിയെ പേടിയല്ല, വിശ്വാസമാണ്; ഏതെങ്കിലും സ്ഥാനത്ത് തുടരുമെന്ന നിലയിലല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: പാർട്ടിയെ പേടിയല്ല വിശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രിയും, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളെല്ലാം ഏതെങ്കിലും സ്ഥാനത്ത് തുടരുമെന്ന നിലയിലല്ല കാര്യങ്ങൾ ചെയ്യുന്നതെന്നും കെ കെ ശൈലജ വ്യക്തമാക്കി.

താനെന്ന വ്യക്തിയുടെ മാത്രം പ്രവർത്തനമല്ല. ഇതൊരു പോളിസിയുടെ ഭാഗമാണ്. ഒരു പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ പോളിസി നടപ്പിലാക്കുകയാണ് താൻ ചെയ്തിട്ടുള്ളത്. ആ സമയത്ത് ലീഡർഷിപ്പിൽ നിന്നുകൊണ്ട് താൻ ചെയ്തിട്ടുണ്ട്. എന്നാൽ താൻ തന്നെ തുടരണമെന്നില്ല. ഇതേ പോളിസി മറ്റൊരാൾ വന്ന് ഇതുപോലെയോ, മറ്റൊരു രീതിയിലോ നടപ്പിലാക്കാൻ സാധിക്കുമെന്ന് ശൈലജ ചൂണ്ടിക്കാട്ടി.

താൻ തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കാതിരിക്കാൻ കാരണം താൻ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാണ്. തങ്ങളെ പഠിപ്പിച്ചിട്ടുള്ളതും, താൻ മനസിലാക്കിയിട്ടുള്ളതും പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര പ്രവർത്തനവും ഒരുപോലെ കാണണമെന്നാണെന്നും കെ കെ ശൈലജ പറഞ്ഞു.

ഒരു കാര്യവും അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ല. പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത കാര്യങ്ങളുമുണ്ട്. ഇതൊരു തുടർച്ചയാണ്. കഴിഞ്ഞ സർക്കാരുകൾ ചെയ്തു വച്ചത് തുടരുക. നമ്മുടെ ഭാവനയും കഴിവും പോളിസിയുമനുസരിച്ച് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുക. ആ അർത്ഥത്തിൽ അഞ്ച് കൊല്ലം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.