ജി-മെയില്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാറില്ലേ?

ഉപയോഗിക്കാതെ ഇരിക്കുന്ന ആയിരക്കണക്കിന് ജീ മെയില്‍ അക്കൗണ്ടുകള്‍ വരുന്ന ഡിസംബര്‍ മാസത്തോടെ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഹാക്കിംഗും അതുപോലുള്ള മറ്റ് തട്ടിപ്പുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായിട്ട് കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്ത അക്കൗണ്ടുകളും, ലളിതമായ പാസ്സ്വേര്‍ഡ് ഉപയോഗിക്കുന്ന അക്കൗണ്ടുകളുമാണ് ഈ ഭിഷണി പ്രധാനമായും നേരിടുന്നത്. അതോടൊപ്പം ഗൂഗിളിന്റെ 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍ ക്രമീകരിക്കാത്ത അക്കൗണ്ടുകളും ഭീഷണിയുടെ നിഴലില്‍ വരും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ആവശ്യം സുരക്ഷയാണ് അത് ഉറപ്പാക്കാനായിട്ടാണ് തങ്ങള്‍ സാങ്കേതിക വിദ്യയില്‍ ഇത്രയധികം പണം നിക്ഷേപിക്കുന്നതെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

ഒരുപാട് വര്‍ഷങ്ങളായി ഉപയോഗമില്ലാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനവും വരുന്നത്. ട്വിറ്റര്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നാണ് എലണ്‍ മസ്‌ക് പറഞ്ഞത്. ഉപയോഗ ശൂന്യമായ ഹാന്‍ഡിലുകള്‍ ഫ്രീ അപ് ചെയ്യാനാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗൂഗിള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപയോക്താക്കളെ സ്പാമില്‍ നിന്നും അക്കൗണ്ട് ഹൈജാക്കിംഗില്‍ നിന്നും രക്ഷിക്കുവാനാണ്.