‘ആ പരിപ്പ് ഇവിടെ വേവില്ല’; കേരള സ്റ്റോറി സംവിധായകനോട് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിവാദ ചിത്രം ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്നിനെതിരെ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത്. ‘സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല’- എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

അതേസമയം, കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുദീപ്‌തോ സെന്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘കേരളത്തിനുള്ളില്‍ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാന്‍ഡ്സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട്, മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം’- എന്നാണ് സുദീപ്‌തോ സെന്‍ പറഞ്ഞത്.

അതേസമയം, റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായര്‍ 23.75 കോടി, തിങ്കള്‍ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്.