ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തു. കോൺഗ്രസാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും പ്രഖ്യാപിച്ചു.
അതേസമയം, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 1948 ഓഗസ്റ്റിൽ മൈസൂർ വരുണയിലെ സിദ്ധരാമനഹുണ്ടിയെന്ന ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് സിദ്ധരാമയ്യ ജനിച്ചത്. ഇത് തന്റെ അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രിയാകുന്നത്.

