കർണാടക മുഖ്യമന്ത്രി സ്ഥാനം; പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി കോൺഗ്രസ്

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി കോൺഗ്രസ്. ഹൈക്കമാൻഡ് ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിലക്ക് ലംഘിക്കുന്നവർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. മാദ്ധ്യമങ്ങൾ ബിജെപിയുടെ വ്യാജവാർത്താ നിർമ്മിതിയിൽ കുടുങ്ങിയെന്ന വിമർശനവും രൺദീപ് സുർജേവാല ഉന്നയിച്ചു. അതേസമയം, അടുത്ത 72 മണിക്കൂറിനുള്ളിൽ കർണാടകയിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് സുർജേവാല നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയായി ആദ്യ ടേം നൽകുമെന്ന വാർത്തകൾ നിഷേധിച്ച് ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു.പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് മല്ലികാർജുൻ ഖാർഗെ പറയുമെന്നുമായിരുന്നു ഡി കെ ശിവകുമാർ വ്യക്തമാക്കിയത്.