പാലക്കാട്: പാലക്കാട് ജില്ലയിലെ രണ്ടാം വിള നെല്ല് സംഭരണ പ്രശ്നങ്ങൾക്ക് പരിഹാരം. നെല്ലളന്ന കർഷകർക്കുള്ള പണം ഉടൻ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. കെ ഡി പ്രസേനൻ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. സംഭരിക്കാൻ അവശേഷിക്കുന്ന മുഴുവൻ നെല്ലും ഒരാഴ്ചക്കകം പാഡിക്കോ മില്ലിന്റെ സഹായത്തോടെ സംഭരിക്കും. നെല്ലിന്റെ വില മെയ് 19 മുതൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ പരാതികൾ ശക്തമായ സാഹചര്യത്തിൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. കേരള ബാങ്ക് ഉൾപ്പെടെയുള്ളവയിൽ നിന്ന് 700 കോടി വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. ഇതിനായി ധനകാര്യ വകുപ്പിൽ നിന്നുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
925 കോടിയാണ് നെല്ലിന്റെ സംഭരണ വിലയായി നടപ്പു സീസണിൽ ഇതുവരെ നൽകിയത്. ഇനി 1000 കോടി വേണം. കേന്ദ്രവിഹിതമായി മുൻകൂർ ലഭിച്ച 400 കോടി ഉപയോഗിച്ചാണ് നേരത്തെ തുക വിതരണം നടത്തിയത്. സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ വില നൽകാൻ 700 കോടി കൂടി വേണം.

