ഗ്രേഡിനൊപ്പം മാർക്ക് ലിസ്റ്റ് കൂടി ചേർത്തേക്കും: എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പുതിയ മാറ്റത്തിന് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാറ്റത്തിന് ഒരുങ്ങി സർക്കാർ. സർട്ടിഫിക്കറ്റിൽ മാർക്ക് ലിസ്റ്റ് കൂടി നൽകുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ ചിന്തിക്കുന്നുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സർട്ടിഫിക്കറ്റിൽ മാർക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ഇക്കാര്യം പരിഗണിച്ചത്.

ഗ്രേഡ് മാത്രമാണ് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നിലവിൽ രേഖപ്പെടുത്തുന്നത്. വിദ്യാർഥികളുടെ മാർക്കും ഇതിനൊപ്പം രേഖപ്പെടുത്തണമെന്ന ആവശ്യത്തിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. അതേസമയം ഈ മാസം 20നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുക എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. പ്ലസ് ടു ഫലം മെയ് 25നാണ് പ്രസിദ്ധീകരിക്കുക. മെയ് 27ന് മുൻപ് ഹയർ സെക്കൻഡറി അഡ്മിഷന് ഉള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.