കർണാടക തെരഞ്ഞെടുപ്പ്; ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയിലാണ് നിലവിൽ കോൺഗ്രസ്. ആദ്യ ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്നുള്ള മൂന്നു വർഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോർമുല. ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഡി കെ ശിവകുമാർ പാർട്ടി അധ്യക്ഷ പദത്തിൽ തുടരും. ഡി കെ ശിവകുമാറിന് പ്രധാനവകുപ്പ് നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളാണ് നിലവിൽ കോൺഗ്രസ് നടത്തുന്നത്. ലിംഗായത്ത് സമുദായത്തിൽ നിന്ന് എം.ബി പാട്ടീലും ദളിത് വിഭാഗത്തിന്റെ പരിഗണന എന്ന നിലയിൽ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ എന്നിങ്ങനെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

കർണാടകയിൽ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കും. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ വൈകീട്ട് 3.30ന് വിളിച്ചുചേർത്തിട്ടുണ്ട്.