പോര് കടുക്കുന്നു; അശോക് ഗെലോട്ടിന് അന്ത്യശാസനം നൽകി സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനം നൽകി സച്ചിൻ പൈലറ്റ്. കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ വലിയ പ്രതിഷേധം നടത്താനാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സച്ചിൻ പൈലറ്റ് അറിയിച്ചത്. രാജസ്ഥാനിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഏറെ നാളുകളായി സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് സ്വന്തം സർക്കാരിനെതിരെ പദയാത്ര നടത്തിയ സച്ചിൻ പൈലറ്റിനെ വിമർശിച്ച് രാജസ്ഥാൻ പി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചയിൽ സച്ചിൻ പൈലറ്റിന്റെ യാത്ര ഉയർന്നുവന്നിരുന്നു എന്നും രാജസ്ഥാൻ പി സി സി അധ്യക്ഷൻ അറിയിച്ചിരുന്നു.

സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് സുഖ്വിന്ദർ സിങ് രൺധാവ ചൂണ്ടിക്കാട്ടിയിരുന്നു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.