അഹമ്മദാബാദ്: ഹെദരാബാദിനെതിരെ ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫില്‍. ശുഭ്മാന്‍ ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 188 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്നെത്തിയ സണ്‍ റൈസേഴ്‌സ് 34 റണ്‍സകലെ വീണു. ഹെയ്ന്റിച്ച് ക്ലാസെനും ഭുവനേശ്വര്‍ കുമാറും മാത്രം തിളങ്ങിയ രണ്ടാം ഇന്നിങ്സില്‍ ഹൈദരാബാദ് നിരയെ തുടക്കം തന്നെ വിറപ്പിച്ചായിരുന്നു ഗുജറാത്തിന്റെ ബൗളിങ്. ആദ്യ ഓവറില്‍ തന്നെ ഒന്നാം വിക്കറ്റെടുത്ത് ഷോക്ക് നല്‍കുകയും പിന്നീടത് ആവര്‍ത്തിക്കുകയും ചെയ്ത ഷമിയുടെയും മോഹിത് ശര്‍മയുടേയും ബൗളിങ്ങാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. 44 പന്തില്‍ 64 റണ്‍സെടുത്ത ക്ലാസെന്റെയും 26 പന്തില്‍ 27 റണ്‍സ് പിറന്ന ഭുവനേശ്വര്‍ കുമാറിന്റേയും ബാറ്റിങ് കൊണ്ടുമാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല.
ഒമ്ബത് പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ടെയും 10 പന്തില്‍ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രമും മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍. മറ്റ് ബാറ്റര്‍മാരെല്ലാം ശോകമായപ്പോള്‍ വിജയം ഹൈദരാബാദിന് അന്യമായി. നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ഹൈദരാബാദിനെടുക്കാനായത്. മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും നാല് വിക്കറ്റ് വീതമെടുത്താണ് ഹൈദരാബാദിനെ തകര്‍ത്തത്. യാഷ് ദയാല്‍ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ, ശുഭ്മന്‍ ഗില്ലിന്റെ ഒറ്റയാന്‍ പോരാട്ടത്തിലാണ് ഹൈദരാബാദിനെതിരെ ഗുജറാത്ത് 188 റണ്‍സെടുത്തത്. സെഞ്ച്വറിയുമായാണ് ഗില്‍ ഗുജറാത്ത് ഇന്നിങ്സ് ഒറ്റയ്ക്ക് നയിച്ചത്. 47 റണ്‍സുമായി നിറഞ്ഞുകളിച്ച സായ് സുദര്‍ശന്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം തികച്ച മറ്റൊരാള്‍. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മാരക ബൗളിങ് പ്രകടനം ഉള്‍പ്പെടെ അഞ്ചു വിക്കറ്റുമായി സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ ആണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഗുജറാത്തിനെ തടഞ്ഞുനിര്‍ത്തിയത്. രണ്ടാം വിക്കറ്റിലെ 147 റണ്‍സ് കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ മറ്റൊരു ദുരന്തം ആവുമായിരുന്നു ഗുജറാത്ത് നിര. നാല് ഗോള്‍ഡന്‍ ഡക്ക് ഉള്‍പ്പെടെ അഞ്ചു പേരാണ് ഗുജറാത്ത് നിരയില്‍ ഇന്ന് പൂജ്യത്തിന് പുറത്തായത്.

