അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്ക് പിന്തുണ നൽകാം; നിബന്ധന മുന്നോട്ട് വെച്ച് മമത ബാനർജി

കൊൽക്കത്ത: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്ക് പിന്തുണ നൽകാമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വാർത്താ സമ്മേളനത്തിലാണ് മമത ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കോൺഗ്രസിന് പിന്തുണ നൽകുന്നതിനുള്ള ഒരു നിബന്ധനയും മമത ബാനർജി മുന്നോട്ടുവെച്ചിട്ടുണ്ട്. മറ്റ് രാഷ്ട്രീയകക്ഷികളെ കോൺഗ്രസും പിന്തുണയ്ക്കണമെന്നാണ് മമതയുടെ നിലപാട്.

കോൺഗ്രസ് ശക്തമായ കേന്ദ്രങ്ങളിൽ അവർ മത്സരിക്കട്ടെയെന്നും തങ്ങൾ അവരെ പിന്തുണയ്ക്കുമെന്നും മമത വ്യക്തമാക്കി. അതിൽ തെറ്റൊന്നുമില്ല. പക്ഷെ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണക്കേണ്ടിയിരിക്കുന്നുവെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി. പ്രാദേശികകക്ഷികളുടെ ശക്തികേന്ദ്രങ്ങളിൽ അവർക്ക് പ്രാഥമിക പരിഗണന നൽകണമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള സാധ്യതകളാണ് മമതയുടെ പ്രഖ്യാപനത്തിലൂടെ തെളിഞ്ഞു വന്നിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകുന്നതിനാലാണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കാൻ മമത തയ്യാറായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.