23 ദിവസം പിന്നിടുന്ന സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാന്‍ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തില്‍ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ 23 ദിവസമായി ഡല്‍ഹിയില്‍ സമരം നടത്തുന്നത്.

അതേസമയം, ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തില്‍ അന്വേഷിച്ച മേല്‍നോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ ബ്രിജ് ഭൂഷനെ ന്യായീകരിച്ച് സമിതി അംഗങ്ങള്‍ സംസാരിച്ചെന്നും ബ്രിജ് ഭൂഷന്‍ പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങള്‍ താരങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും സമിതി പറഞ്ഞു എന്നായിരുന്നു താരങ്ങളുടെ ആരോപണം.

‘പരാതിയുടെ ഓഡിയോ വീഡിയോ തെളിവുകള്‍ സമിതി ആവശ്യപ്പെട്ടു. പരാതിക്കാര്‍ സമിതിക്ക് മുന്നില്‍ മൊഴി നല്‍കുമ്പോള്‍ പുരുഷന്മാരായ അംഗങ്ങള്‍ പുറത്തു നില്‍ക്കണം എന്ന ആവശ്യവും സമിതി അംഗീകരിച്ചില്ല’- എന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പരാതിക്കാര്‍ വെളിപ്പെടുത്തി.