ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എച്ച് എച്ച് വർമയുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേയില്ലെന്ന് സുപ്രീം കോടതി ജഡ്ജി എം ആർ ഷാ. സ്റ്റേ ഉത്തരവ് വർമയുടെ സ്ഥാനക്കയറ്റിന് ബാധകമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാർ ആന്റ് ബെഞ്ച് എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആയ എച്ച് എച്ച് വർമയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. വർമയുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തുവെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം വിശദമാക്കി. 68 ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രമോഷൻ നൽകാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്ഥാനക്കയറ്റത്തിന് എതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ നൽകിയത്. ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വർമയെ രാജ്കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു. സ്റ്റേ ഇല്ലാത്തതിനാൽ വർമയ്ക്ക് രാജ്കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്ജിയായി തുടരാൻ കഴിയും.

