തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കലിന് പണം മുടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ ദേശീയപാതാ വികസനത്തില്‍ പ്രതിസന്ധി ഉടലെടുത്തോ എന്ന സംശയമാണ് ഉയരുന്നത്.
സ്ഥലമേറ്റെടുപ്പിന് മുടക്കേണ്ട തുകയുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ദേശീയപാതാ അഥോറിറ്റി നിര്‍മ്മാണ ടെന്‍ഡര്‍ ക്ഷണിച്ച രണ്ടുപദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് കരാറില്‍ സംസ്ഥാനം ഒപ്പുവെക്കാതിരുന്നതിനാല്‍ തിരുവനന്തപുരം ഔട്ടര്‍ റിങ്‌റോഡ്, കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത എന്നിവയുടെ സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരളത്തില്‍ സ്ഥലത്തിന് കൂടിയവിലയാണെന്നും നിര്‍മ്മാണത്തിന്റെ ഇരട്ടിത്തുക സ്ഥലമേറ്റെടുപ്പിന് നല്‍കണമെന്നുമാണ് ദേശീയപാതാ അഥോറിറ്റിയുടെ നിലപാട്. ഭാവിപദ്ധതികള്‍ക്ക് 25 ശതമാനം തുക വഹിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്.
ഔട്ടര്‍ റിങ് റോഡ് സ്ഥലമേറ്റെടുപ്പിന് 50 ശതമാനം സംസ്ഥാനവും ബാക്കി ദേശീയപാതാ അഥോറിറ്റിയും നല്‍കണമെന്നാണ് വ്യവസ്ഥ. ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡിന് ദേശീയപാതാവിഭാഗവും സംസ്ഥാനവും 75:25 എന്ന അനുപാതത്തില്‍ ചെലവിടണം. റിങ് റോഡിനും ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡിനും ലേലനടപടികള്‍ ദേശീയപാതാ അഥോറിറ്റി മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. ഔട്ടര്‍ റിങ് റോഡിന് 2967 കോടിയും ചെങ്കോട്ട പാതയ്ക്ക് 1192.8 കോടിയുമാണ് നിര്‍മ്മാണച്ചെലവ്.
അതേസമയം, കേരളത്തില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ 17 ഇരട്ടി ചെലവ് വരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഔട്ടര്‍ റിങ് റോഡിന്റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക സംസ്ഥാനവും 50 ശതമാനം ദേശീയപാതാ അഥോറിറ്റിയും വഹിക്കണം.

