മുംബൈ: ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്നൊഴിവാക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) മുംബൈ മേധാവി സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനോട് ഇരുപത്തിയഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് എഫ് ഐ ആര്‍. പതിനെട്ട് കോടി രൂപയ്ക്ക് ധാരണയായെന്നും, ആദ്യഗഡുവായി അമ്പത് ലക്ഷം രൂപ വാങ്ങിയെന്നുമാണ് എഫ് ഐ ആറിലുള്ളത്.
അതേസമയം, സമീര്‍ വാങ്കഡ, എന്‍ സി പി മുന്‍ എസ് പി വിശ്വ വിജയ് സിംഗ്, എന്‍ സി ബിയുടെ ഇന്റലിജന്‍സ് ഓഫീസര്‍ ആശീഷ് രഞ്ജന്‍, കെ പി ഗോസാവി, ഇയാളുടെ സഹായി ഡിസൂസ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആറില്‍ പരാമര്‍ശമുള്ളത്. വെള്ളിയാഴ്ചയാണ് സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.
2021 ഒക്ടോബറില്‍ മുംബയില്‍ നിന്ന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ സമീര്‍ വാങ്കഡയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. പിടിയിലായവരില്‍ ആര്യന്‍ ഖാനുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരൂഖിനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍, വാങ്കഡെയും സംഘവും നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് എന്‍ സി ബി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ആര്യനെ ഒഴിവാക്കുകയായിരുന്നു.

