പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നടത്താനിരുന്ന നഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് പിൻവലിച്ച് യുഎൻഎ ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്‌സുമാർ പണിമുടക്ക് നടത്താനിരുന്നത്. ആശുപത്രി മാനേജ്‌മെന്റും ലേബർ ഓഫീസറും നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.
60 ശതമാനത്തോളം ശമ്പള വർദ്ധനവ് ആശുപത്രി മാനേജ്‌മെന്റുകൾ ചർച്ചയിൽ അംഗീകരിച്ചു. കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുമെന്ന ഉറപ്പും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. ഉറപ്പ് ലംഘിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് മുന്നറിയിപ്പ് നൽകി.
പ്രതിദിന വേതനം 1500 രൂപയാക്കുക, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ലേബർ നിയമനങ്ങൾ കർശനമായി നടപ്പിലാക്കാൻ ലേബർ ഡിപ്പാർട്ട്മെന്റ് തയ്യാറാവുക, മുഴുവൻ പ്രൈവറ്റ് ആശുപത്രികളിലും ഇൻസ്പെക്ഷൻ നടത്തുക., നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടി എടുക്കുക, നിയമ ലംഘനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പേരുകൾ നോട്ടീസ്ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുക, ആശുപത്രികളിൽ കർശനമായി രോഗി- നഴ്സ് അനുപാതം നടപ്പിലാക്കുക, ഐ.ആർ.സി കമ്മിറ്റികളിൽ മുൻ കാലങ്ങളിലെ പോലെ യു.എൻ.എ യുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക, ഇടക്കാലാശ്വാസമായ 50% ശബളവർദ്ധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് യുഎൻഎ മുന്നോട്ടുവെച്ചിരുന്നത്.

