കര്‍ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌

ന്യൂഡല്‍ഹി: കര്‍ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് സി.ബി.ഐ മേധാവിയാകും. ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീര്‍ സക്സേന, താജ് ഹസന്‍ എന്നിവവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീണ്‍ സൂദിനെ നിര്‍ദ്ദേശിച്ചത്.

അതേസമയം, ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയ്ക്ക് പ്രവീണ്‍ സൂദ് കൂട്ടുനില്‍ക്കുന്നുവെന്നും സര്‍ക്കാരിനെ വഴിവിട്ടു സഹായിക്കുന്നുവെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രവീണ്‍ സൂദിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്ന് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

1986 ഐ.പി.എസ് ബാച്ചിലെ കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് ഹിമാചല്‍ സ്വദേശിയായ പ്രവീണ്‍ സൂദ്. ഐ.ഐ.ടി ഡല്‍ഹിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മൂന്നു വര്‍ഷം മുമ്പാണ് കര്‍ണാടക ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നത്. നിലവിലെ സി.ബി.ഐ. ഡയറക്ടര്‍ സുബോധ്കുമാര്‍ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീണ്‍ സൂദ് പുതിയ ചുമതലയേല്‍ക്കും.