വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ജയിലിലെത്തി സന്ദീപിനെ പരിശോധിച്ച പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ അറിയിച്ചു. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും, സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, താന്‍ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. ‘സംഭവ ദിവസം മദ്യപിച്ചിരുന്നു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു’- സന്ദീപ് ജയിലധികൃതരോട് വ്യക്തമാക്കി.

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡി.വൈ.എസ്പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.