ബെംഗളൂരു: കർണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ. 2024 ൽ ബിജെപി അവസാനിക്കുന്നതിന്റെ തുടക്കമാണ് കർണാടകത്തിലെ ജനവിധിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. വരുന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബിജെപി അവസാനിച്ചെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി തോൽക്കുമെന്നുമാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അഭിപ്രായപ്പെട്ടത്. ജനവിധിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കർണാടക ജനവിധി പ്രതീക്ഷ നൽകുന്നതാണെന്നും മറ്റ് സംസ്ഥാനങ്ങളും വർഗീയ രാഷ്ട്രീയം തള്ളിക്കളയുമെന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.
അതേസമയം, കന്നഡിഗർ അവരുടെ അഭിമാനം തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മണ്ണിനെ ബിജെപി മുക്തമാക്കാനായത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമാന സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് കോൺഗ്രസിന്റെ വിജയം നൽകുന്നത്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കുക, രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കുക, എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുക, ജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതി എന്നിവയ്ക്കെതിരെയുള്ള വിധിയെഴുത്താണ് കോൺഗ്രസിന്റെ വിജയമെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

