കന്നഡിഗർ അവരുടെ അഭിമാനം തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചു; കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരണവുമായി എം കെ സ്റ്റാലിൻ

ചെന്നൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കന്നഡിഗർ അവരുടെ അഭിമാനം തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദ്രാവിഡ മണ്ണിനെ ബിജെപി മുക്തമാക്കാനായത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമാന സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് കോൺഗ്രസിന്റെ വിജയം നൽകുന്നത്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കുക, രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കുക, എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുക, ജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതി എന്നിവയ്‌ക്കെതിരെയുള്ള വിധിയെഴുത്താണ് കോൺഗ്രസിന്റെ വിജയമെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹം കോൺഗ്രസ് നേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ.ശിവകുമാർ എന്നിവരെ ഫോണിൽ വിളിച്ചാണ് എം കെ സ്റ്റാലിൻ അഭിനന്ദനം അറിയിച്ചത്.