ഐപിഎല്‍ മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 10 ടീമുകള്‍ക്കും പ്ലേഓഫ് സാധ്യത. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് യോഗ്യത. അവസാനസ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയും മൂന്ന് കളി ബാക്കിയുണ്ട്. എട്ട് പോയിന്റാണ് നിലവിലുള്ളത്. നാല് കളി ബാക്കിയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എട്ട് പോയിന്റാണ്.
പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് 10 പോയിന്റുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 11 പോയിന്റ്. കൊല്‍ക്കത്തയ്ക്ക് രണ്ട് കളിയുണ്ട്. ബാക്കിയുള്ളവര്‍ക്ക് മൂന്ന്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് കളി വീതമാണ് ബാക്കിയുള്ളത്. 12 കളിയില്‍ 15 പോയിന്റുള്ള ചെന്നൈയും ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേഓഫ് ഉറപ്പാണ്. രാജസ്ഥാന് 12 കളിയില്‍ 12 പോയിന്റ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചത് രാജസ്ഥാന് നേട്ടമായി.
രാജസ്ഥാന്‍ ഞായറാഴ്ച ബാംഗ്ലൂരിനെയും ചെന്നൈ കൊല്‍ക്കത്തയെയും നേരിടും. 19ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ചെന്നൈയുടെ അവസാന കളി 20ന് ഡല്‍ഹിയുമായാണ്. ടീമുകളുടെ പരസ്പരമുള്ള പോരാട്ടങ്ങള്‍ 21ന് അവസാനിക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ആദ്യ ക്വാളിഫയര്‍ 23നാണ്. 24ന് എലിമിനേറ്ററില്‍ മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. 26ന് രണ്ടാം ക്വാളിഫയര്‍ നടക്കും. ആദ്യ ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്റര്‍ ജയിച്ചവരും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍. 28ന് അഹമ്മദാബാദിലാണ് ഫൈനല്‍.

