വന്ദനാ ദാസിന്റെ വീട് സന്ദർശിച്ച് കെ കെ ശൈലജ; വികാരാധീനനായി വന്ദനയുടെ പിതാവ്

കോട്ടയം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ വീട് സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും അതൊന്നും തങ്ങൾക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് ശൈലജയോട് പറഞ്ഞു.

ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്നും അതില്ലാത്തതുകൊണ്ടല്ലേ ആളുകൾ കേരളത്തിന് പുറത്തേക്ക് പോകുന്നതെന്ും വന്ദനയുടെ പിതാവ് ചോദിക്കുന്നു. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാൽ പിന്നെ ഏതെങ്കിലും കുട്ടികൾ തിരിച്ചുവരുമോയെന്നും അദ്ദേഹം ചോദിച്ചു.

വിദേശത്തുപോയവർ പിന്നെ തിരിച്ചുവരില്ല. എട്ടുപത്തുവർഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാർ മാത്രമേ ഉണ്ടാകൂവെന്നും വന്ദനയുടെ പിതാവ് അഭിപ്രായപ്പെട്ടു. പോലീസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പോലീസുകാരുടെ കൈയിൽ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നില്ലേയെന്ന് സങ്കടത്തോടെ അദ്ദേഹം ചോദിച്ചു.

അക്രമിയെ പിടിച്ചുവെക്കാൻ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കെ കെ ശൈലജയോട് ചോദിച്ചു. തന്റെ മകൾക്ക് ആദ്യം അഡ്മിഷൻ ലഭിച്ചത് പഞ്ചാബിലായിരുന്നു. അവിടെ വിടാൻ കഴിയാത്തതിനാലാണ് ഇവിടെ കാശുകൊടുത്ത് അഡ്മിഷൻ എടുത്തത്. തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് ഡോക്ടറാകണമെന്ന്. മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും തന്റെ കൊച്ച് തന്റടുത്ത് വന്നേനെയെന്നും അദ്ദേഹം വികാരാധീനനായി പ്രതികരിച്ചു.