കള്ളപ്പണ ഇടപാട്; സിനിമാ മേഖലയില്‍ ഇ.ഡി, ആദായനികുതി വകുപ്പിന്റെ പരിശോധന

കൊച്ചി: മലയാള സിനിമാ മേഖലയില്‍ വിദേശത്തുള്‍പ്പെടെ പണമിടപാടുകള്‍ നടക്കുന്നുണ്ടോയെന്നും കള്ളപ്പണം വിനിയോഗിക്കുന്നുണ്ടോ എന്നും നിര്‍മ്മാതാക്കള്‍ കൂടിയായ ചില അഭിനേതാക്കളുടെ അടക്കം ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ.ഡിയും ആദായനികുതി വകുപ്പും.

ഏതാനും നിര്‍മ്മാതാക്കളില്‍ നിന്ന് വരുമാനം സംബന്ധിച്ച രേഖകളും വിശദീകരണവും അന്വേഷണ വകുപ്പ് തേടിയിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട കണക്കുകളും പരിശോധിച്ചു. എന്നാല്‍, നിലവില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡിനു ശേഷം വന്‍തുക പ്രതിഫലം വാങ്ങി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് സിനിമ നല്‍കിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.

ആദായനികുതി പരിശോധന ഇത്തരം കാര്യങ്ങളില്‍

  • ഒ.ടി.ടി കമ്പനികളും നിര്‍മ്മാതാക്കളും തമ്മിലുള്ള കരാര്‍
  • വിറ്റഴിച്ച സിനിമകളുടെ യഥാര്‍ത്ഥതുക രേഖപ്പെടുത്തിയിട്ടുണ്ടോ
  • വരുമാനത്തിനനുസരിച്ച് ആദായനികുതി അടച്ചിട്ടുണ്ടോ
  • വിദേശത്ത് പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോ
  • വിദേശഫണ്ട് സിനിമാനിര്‍മ്മാണത്തിന് ഉപയോഗിച്ചോ

അതേസമയം, തനിക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടെന്ന പ്രചാരണം നടന്‍ പൃഥ്വിരാജ് നിഷേധിച്ചു. 25 കോടിരൂപ പിഴയടപ്പിച്ചെന്ന വാര്‍ത്ത അപകീര്‍ത്തികരവും വ്യാജവുമാണ്. വാര്‍ത്ത നല്‍കിയ യൂ ട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും. തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണ്. നിയമത്തിന്റെ ഏതറ്റംവരെ പോകാനും ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.