തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പി ജി ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ഇന്ന് മുതൽ എല്ലാ ഡ്യൂട്ടിക്കും കയറുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സർക്കാർ നടപടി നോക്കിയാകും ബാക്കി തീരുമാനങ്ങൾ ഉണ്ടാകുകയെന്നും ഡോക്ടർമാർ വിശദമാക്കി. കഴിഞ്ഞ ദിവസം രാത്രി ചേർന്ന യോഗത്തിൽ സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരുമായി ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പു നൽകിയിരുന്നു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടർമാർ ആരംഭിച്ച സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരം പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. സമരം നടത്തുന്ന സംഘടനകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളിലും അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായത്. സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.

