സമീര്‍ വാങ്കഡേയ്‌ക്കെതിരെ അഴിമതി കേസുമായി സിബിഐ

മുംബൈ: ആര്യന്‍ ഖാനെതിരായ കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്‌ക്കെതിരെ അഴിമതി കേസുമായി സിബിഐ രംഗത്ത്. ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാനായി സമീര്‍ വാങ്കഡേ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ 25 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മുംബൈയിലെ ആഡംബര കപ്പലായ കോര്‍ഡേലിയ ഇംപ്രസയില്‍ 2021 ഒക്ടോബറിലാണ് സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതും. മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന് എന്‍സിബി 2022 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിട്ടു. ആരോപണങ്ങള്‍ക്ക് പിന്നാലെ സമീര്‍ വാങ്കഡേയെ ചെന്നൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്‌സ് പെയര്‍ സര്‍വീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. അഴിമതി തടയല്‍ നിയമത്തിലെ 7, 7 എ, 12വകുപ്പുകളും ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ വകുപ്പുകളും അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, ദളിത് വിഭാഗക്കാരനാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സമീര്‍ സര്‍വ്വീസില്‍ കയറിയതെന്നും സമീര്‍ വാങ്കഡേയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് സമീറും സംഘവും നേരിടേണ്ടി വന്നത്. നവിമുംബൈയിലെ വാഷിയില്‍ സമീറിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാറിന്റെ വിവരങ്ങളും പുറത്ത് വന്നിരുന്നു. 1997ലാണ് സമീറിന് ബാര്‍ ലൈസന്‍സ് കിട്ടുന്നത്. നിയമപ്രകാരം 21 വയസ് തികഞ്ഞാല്‍ മാത്രമാണ് ബാര്‍ ലൈസന്‍സ് നല്‍കാവൂ. എന്നാല്‍, അന്ന് 17 വസ് മാത്രമാണ് വാങ്കഡേയ്ക്ക് ഉള്ളത്. പിന്നീട്, സുശാന്ത് രാജ്പുതിന്റെ ആത്മഹത്യ കേസിലും സമീറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. റിയാ ചക്രബര്‍ത്തിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം.