ലോകസഭാ തെരഞ്ഞെടുപ്പ്: ഇരട്ടി സീറ്റ് ചോദിക്കാനൊരുങ്ങി മുസ്ലിംലീഗ്‌

മലപ്പുറം: 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി സീറ്റ് ചോദിക്കാനൊരുങ്ങി മുസ്ലിംലീഗ്. നിലവിലെ സാഹചര്യത്തില്‍ മുന്നണി വിട്ടുപേകുന്നതു രാഷ്ട്രീയപരമായി ലീഗിന് ഏറെ ഗുണം ചെയ്യുമെന്ന നിലപാട് തന്നെയാണു ഭൂരിഭാഗം ലീഗ് നേതാക്കള്‍ക്കുമുള്ളത്.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനോടും, കെപിസിസി പ്രസിഡന്റ് സുധാകരനോടും ലീഗിന് താല്‍പര്യക്കുറവുണ്ട്. ശശി തരൂരിനെ കൂടുതല്‍ പരിഗണിക്കണമെന്ന ആവശ്യമായിരുന്നു ലീഗിന്. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും നേരത്തെ ലീഗിനു നല്‍കിയ പ്രാധാന്യം പുതിയ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. യു.ഡി.എഫ് മുന്നണി പ്രകാരം നിലവില്‍ മുസ്ലിംലീഗിനു രണ്ടുസീറ്റാണുള്ളത്. എന്നാല്‍, ഇത്തവണ നാലു സീറ്റുവേണമെന്ന നിലപാടാണ് മുസ്ലിംലീഗ് നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മുസ്ലിംലീഗ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലീഗ് കൂടുതല്‍ മേഖലയില്‍ വ്യാപിച്ച സാഹചര്യമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മലപ്പുറം, പൊന്നാനി എന്നീ രണ്ടു മണ്ഡലങ്ങള്‍ക്കും പുറമെ വയനാടും, മറ്റൊരു മണ്ഡലവും ചോദിക്കാനാണ് ലീഗ് നീക്കം. കൂടുതല്‍ സീറ്റ് ലഭിക്കുമെങ്കില്‍ യുവാക്കളെ പരിഗണിക്കാനാണ് നീക്കം. ദേശീയ തലത്തില്‍ ഏറെ ഗൗരവപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ തന്നെ ലോകസഭയില്‍ മുസ്ലിംലീഗിന്റെ കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകണമെന്ന ആവശ്യം പൊതുവെ നേതൃത്വത്തിനുണ്ട്. മുസ്ലിം സമുദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്നും ഇതിനാല്‍ ലീഗ് പ്രതിനിധികള്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്നുമുള്ള നിലപാടാണ് സമസ്തക്ക്. ഇത്തരം വിഷയങ്ങളില്‍ സിപിഎമ്മിനെയാണു സമസ്തക്ക് വിശ്വാസമുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19 സീറ്റും യു.ഡി.എഫിനാണു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സമാനമായ രാഷ്ട്രീയ സാഹചര്യമല്ലെന്നുമാണ് ലീഗിന്റെ കണക്കുകൂട്ടല്‍.