കർണാടക തെരെഞ്ഞെടുപ്പ്; പോളിങ് ശതമാനം സർവകാല റെക്കോർഡിൽ

ബംഗളൂരു: കർണാടക തെരെഞ്ഞെടുപ്പിൽ പോളിങ് ശതമാനം സർവകാല റെക്കോർഡ് രേഖപ്പെടുത്തി.ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത് 73.19 ശതമാനം പോളിങാണ്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെയുള്ള കണക്കുകളാണിത്. പോളിങ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്. ചിക്കബല്ലാപുര ജില്ലയിലാണ്. ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 85.56 ശതമാനമാണ് ജില്ലയിലെ പോളിംഗ്.

ബെംഗളൂരു സൗത്തിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. ഇവിടുത്തെ പോളിങ് 52.33 ശതമാനമാണ്. മെയ് 13 നാണ് കർണാടകയിൽ വോട്ടെണ്ണൽ. പുറത്തുവന്ന 9 എക്‌സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസിന് മുന്നേറ്റം പ്രവചിച്ചിട്ടുണ്ട്. 4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പറയുന്നു. 224 അംഗ നിയമസഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.