തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെയുള്ള കുപ്രചാരണത്തിന് പിന്നിൽ ചില വക്രബുദ്ധികളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊച്ചി വൈപ്പിനിലെ റോഡ് ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡോ. വന്ദന ദാസ് നീറുന്ന ഓർമ്മയാണെന്നും അദ്ദേഹം പറഞ്ഞു. വല്ലാത്ത പ്രയാസമാണ് ആ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി നമുക്കാർക്കും ഉറക്കം കിട്ടിയിട്ടില്ല. നമ്മുടെയൊക്കെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിച്ച് ഇടപെടുന്നവരാണ് ഡോക്ടർമാരെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും എടുത്തിട്ടുള്ള നിലപാട് നമ്മുടെ മുൻപിലുണ്ട്. സ്വന്തം ജീവൻ പോയാലും നാടിനെ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവർ മുന്നോട്ട് വന്നു. അങ്ങനെയുള്ള നമ്മുടെ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

