ആ പെൺകുട്ടിയെ തങ്ങളുടെ മകളായാണ് കാണുന്നത്; അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടലുമായി കേരളാ ഹൈക്കോടതി. ആ പെൺകുട്ടിയെ തങ്ങളുടെ മകളായാണ് കാണുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാവം, അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും. ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവം അടിയന്തര സിറ്റിംഗ് നടത്തി പരിഗണിക്കവേ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ആ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കുമെന്ന് കോടതി ചോദിക്കുന്നു. വലിയ മെഡിക്കൽ കരിയർ സ്വപ്നം കണ്ട മിടുക്കി. ഡോക്ടറാകാൻ ആഗ്രഹിച്ചതുകൊണ്ടാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. ഇത്തരമൊരു ദാരുണ സംഭവമുണ്ടാകാതിരിക്കാനാണ് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളെ കർശനമായി നേരിടണമെന്ന് പലതവണ പറഞ്ഞത്. ഒടുവിൽ അതു സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അടിയന്തരമായി സ്‌പെഷ്യൽ സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. സംഭവത്തിൽ സർക്കാരിനെതിരെയും പോലീസിനെതിരെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.