ഡോ. വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്; ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമെന്നും രാഹുല്‍ ഗാന്ധി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് രാഹുല്‍ ഗാന്ധി. ‘ഡോക്ടര്‍മാര്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണം ആശങ്കാജനകം. സുരക്ഷക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ അപലപനീയമാണ്’- രാഹുല്‍ വ്യക്തമാക്കി.

അതേസമയം, ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് നടന്‍ സുരേഷ് ഗോപി ആരോപിച്ചത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി? വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കില്‍ 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വിട്ടു നില്‍ക്കുമായിരുന്നോ? ആ വന്ന പൊലീസുകാരില്‍ ഒരാളുടെ, അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കില്‍ അവര്‍ ഈ പറയുന്ന 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വിട്ടു നില്‍ക്കുമായിരുന്നോ? ഇത് എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ’- അദ്ദേഹം പ്രതികരിച്ചു.