ന്യൂഡൽഹി: ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി. ഡൽഹി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാര തർക്കത്തിലാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും നിർണായക വിധിയുണ്ടായത്. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാറിന് നിയന്ത്രണമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ ഭരണ നിർവ്വഹണം സംബന്ധിച്ച് അരവിന്ദ് കെജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തർക്കം നടക്കുന്നുണ്ട്. ഈ തർക്ക വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭരിക്കാനുള്ള അധികാരമെന്നും കോടതി അറിയിച്ചു.
ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക ആണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ കാര്യങ്ങൾ ഡൽഹി സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

