യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം: 2 വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെയുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ പിൻസീറ്റ് യാത്ര, രണ്ടു വയസിനു താഴെയുള്ളവർക്കു ബേബി സീറ്റ് എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂർത്തിയാക്കി ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റുന്ന വേളയിൽ കർശന നിർദേശം വഴി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദേശം നൽകി.