താനൂർ ബോട്ടപകടം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

മലപ്പുറം: താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പതിനാല് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. താനൂർ ഡിവൈഎസ്പി കെ വി ബെന്നിക്കാണ് അന്വേഷണ ചുമതല. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. താനൂർ സിഐ ഉൾപ്പെടെയുള്ളവർ 14 അംഗ സംഘത്തിലുണ്ട്.

അതേസമയം, താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമ നാസർ പിടിയിലായി. താനൂരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു

താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട ബോട്ടിന്റെ നിർമാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തിയതാണെന്ന ആക്ഷേപവും ശക്തമാണ്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ട്. താനൂർ ബോട്ടപകടത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.