മന്ത്രിയുമായുള്ള ചർച്ച വിജയകരം; പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം ആയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ പ്രീ പ്രൈമറി അധ്യാപകർ തയ്യാറായത്.

പ്രീ പ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കുമെന്നും പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്‌സ് എസ്ആർസി സെന്ററിലൂടെ ആരംഭിക്കുമെന്നും മന്ത്രി വിശദമാക്കി.

പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇവരുടെ അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.