തിരുവനന്തപുരം: വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ബോട്ടുകളുടെ സ്ഥിതിയിൽ റിപ്പോർട്ട് തേടി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഫിറ്റ്‌നസ് അതിന്റെ കാലാവധി, ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, അറ്റകുറ്റ പണികൾ നടത്തിയ വിശദാംശങ്ങൾ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് ഒരിക്കൽ കൂടി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് എ കെ ശശീന്ദ്രൻ നൽകിയിരിക്കുന്ന നിർദ്ദേശം. വനം വകുപ്പ് മേധാവിയോടാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
17 ബോട്ടുകളാണ് വനം വകുപ്പിന് കീഴിൽ ഇക്കോ ടൂറിസത്തിന് മാത്രമായി ഇപ്പോൾ സർവ്വീസ് നടത്തുന്നത്. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. അതേസമയം, താനൂർ ബോട്ട് അപകടത്തിൽ 22 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

