‘ദ കേരള സ്റ്റോറി’: നികുതി ഒഴിവാക്കുമെന്ന് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനത്തിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ നികുതി ഒഴിവാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കാണും. വെള്ളിയാഴ്ച ലഖ്‌നൗവിലായിരിക്കും പ്രദര്‍ശനം.

അതേസമയം, മധ്യപ്രദേശ് സര്‍ക്കാറും നേരത്തെ നികുതി ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രം കണ്ട് പുകഴ്ത്തിയിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തരഖണ്ഡിലും ചിത്രം ടാക്‌സ് ഫ്രീ ആക്കിയേക്കുമെന്നാണ് സൂചന.

സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദം ഉയര്‍ന്നിരുന്നു. കേരളത്തില്‍ ചിത്രം റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു.