ഇംഫാൽ: മണിപ്പൂർ കലാപത്തിൽ ഇതുവരെ മരണപ്പെട്ടത് 60 പേർ. മുഖ്യമന്ത്രി ബിരേൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. കലാപത്തിൽ 231 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1700 വീടുകൾ തീവച്ച് നശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പുനരധിവാസ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയേയും അസം റൈഫിൾസിനേയും വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മണിപ്പൂരിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും സൈന്യത്തിന്റെ കാവൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘത്തിന് ഇടയാക്കിയത്.

