ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് ബിജെപി സോണിയാ ഗാന്ധിക്കെതിരെ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ സോണിയ ഗാന്ധി നടത്തിയ പ്രസംഗമാണ് പരാതിയ്ക്ക് ആധാരം.
ഈ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് ബിജെപി പരാതിയിൽ ആരോപിക്കുന്നു. കർണ്ണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്നായിരുന്നു സോണിയാ ഗാന്ധി നടത്തിയ പരാമർശം. സോണിയാ ഗാന്ധിയുടെ വാക്കുകൾ വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയാണ് ബിജെപി പരാതി സമർപ്പിച്ചത്.

