കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണം; നിർദ്ദേശം മുന്നോട്ടുവെച്ച് ലോകാരോഗ്യസംഘടന

covid

ജനീവ: കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച് ലോകാരോഗ്യസംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കോവിഡ് വന്ന ആറുശതമാനം രോഗികളിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് 2025 വരെയുള്ള തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടന തയ്യാറാക്കിയത്.

വൈറസ് വ്യാപനം തടയുക, മരണങ്ങളും രോഗാതുരതയും കുറയ്ക്കുക തുടങ്ങിയവയായിരുന്നു നേരത്തേ ഊന്നൽ നൽകിയ മേഖലകൾ. അതിനൊപ്പമാണ് ദീർഘകാല പ്രതിരോധ, നിയന്ത്രണ വഴികൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടത്. ദീർഘകാല തന്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ സഹായിക്കണമെന്നും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു.