ഇല്ലാത്ത ചരിത്രം സംഘപരിവാറിനുവേണ്ടി ഉണ്ടാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡാർവിന്റെ പരിണാമ സിദ്ധാന്തം കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വിചിത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്രത്തെ വക്രീകരിക്കാനും ഇല്ലാത്ത ചരിത്രം സംഘപരിവാറിനുവേണ്ടി ഉണ്ടാക്കാനുമാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതൊന്നും കേരളത്തിൽ നടപ്പാക്കാൻ പോകുന്നില്ല. പാഠ്യപദ്ധതികളിൽ കേന്ദ്രം തീരുമാനിച്ച മാറ്റങ്ങൾ സംസ്ഥാനം അംഗീകരിക്കില്ല. ഇതു വ്യതിരിക്തമായൊരു നിലപാടാണ്. ചരിത്രത്തെ നിഷേധിക്കുന്ന, ശാസ്ത്രത്തെ നിഷേധിക്കുന്ന, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നടപ്പാക്കാൻ പോകുന്ന ഈ മാറ്റം വൻ പ്രത്യാഘാതം കൊണ്ടുവരും. ഇതിനെതിരായ പ്രചാരണം താഴേത്തട്ടിൽ വരെ എത്തിക്കാനുള്ള നീക്കം നടക്കുന്നു. അതിന് എല്ലാവിധ പിന്തുണയും പാർട്ടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തു നടന്ന പാർട്ടി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കളെ തമസ്‌കരിക്കുകയും സവർക്കറെപ്പോലുള്ള ആളുകളെ ഒരു ബന്ധവുമില്ലാത്ത ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താനുമാണ് കേന്ദ്രത്തിന്റെ ശ്രമം. മാപ്പ് പറഞ്ഞ് ഇറങ്ങിവന്നതിനുശേഷം സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഒരക്ഷരംപോലും മിണ്ടാത്ത സവർക്കറെയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ വക്താവായി അവതരിപ്പിക്കാനിപ്പോഴും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ചരിത്രമൊന്നും ഇനി കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും അവർ തീരുമാനിച്ചു. ഗാന്ധി വധവുമായി ഒരു രീതിയിലും ആർഎസ്എസിനു ബന്ധമുണ്ടെന്നു വരാൻ പാടില്ലെന്ന രീതിയിലാണു മാറ്റം. നെഹ്‌റു ഉൾപ്പെടെയുള്ള ഉൽപ്പതിഷ്ണുക്കളായ നേതാക്കളുടെ വിവരങ്ങളെല്ലാം തമസ്‌കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.