തിരുവനന്തപുരം: കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിയ സാഹചര്യത്തിലാണ് അദ്ദേഹം വ്യോമയാന മന്ത്രിയ്ക്ക് കത്തയക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിയത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണെന്നും യാത്രക്കാർക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ സുധാകരൻ വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ചത്.
ഗൾഫ് യാത്രക്കാർക്ക് വലിയ ആഘാതമാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ നിന്നും കുവൈത്തിലേക്കും ദമാമിലേക്കും സർവീസ് നടത്തിയിരുന്ന ഏക എയർലൈൻ ആയിരുന്നിത്. പരിമിതമായ സർവീസുകൾക്കിടെ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് കൂടെ നിർത്തലാക്കിയത് യാത്രക്കാരെ വലിയ തോതിൽ വലച്ചുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന ഗോ ഫസ്റ്റിന്റെ റൂട്ടുകളിൽ എയർ വിസ്താര, എയർ ഏഷ്യ, ആകാശ തുടങ്ങിയ എയർലൈൻ കമ്പനികൾക്ക് പ്രവർത്താനുമതി നൽകുക, കൂടുതൽ വിദേശ വിമാനക്കമ്പനികൾക്ക് പോയിന്റ് ഓഫ് കോൾ പദവി നൽകാനുള്ള നടപടികൾ പുനഃപരിശോധിക്കുക, ഗോ ഫസ്റ്റ് എയർലൈന്റെ അഭാവത്തിൽ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കെ സുധാകരൻ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

