താലിബാനും ഐഎസും ഉയർത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രം; കേരള സ്റ്റോറിയെ പ്രശംസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരള സ്റ്റോറി താലിബാനും ഐഎസും ഉയർത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം കണ്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഭരണ പ്രതിപക്ഷം ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു. കേരള സ്റ്റോറി സിനിമയോട് എന്തിനാണ് ഇത്ര വിയോജിപ്പ്. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.