മദ്യാസക്തി കുറയ്ക്കാന്‍ ചിപ്പ്; ചൈനയില്‍ ശസ്ത്രക്രിയ വിജയകരം

മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ചൈനയില്‍ ആരംഭിച്ചു. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയില്‍ വെറും അഞ്ചു മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ശസ്ത്രക്രിയയിലൂടെ സ്ഥിരം മദ്യപാനിയായ 36കാരനില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരം മദ്യപാനിയായിരുന്നു ഈ 36കാരന്‍. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു മുന്‍പ് തന്നെ ഒരു കുപ്പി മദ്യം അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു. മദ്യപിച്ചാല്‍ ഇയാള്‍ അക്രമ സ്വഭാവവും പ്രകടിപ്പിച്ചിരുന്നു. മദ്യം ലഭിച്ചില്ലെങ്കില്‍ ഉല്‍കണ്ഠ വളരെയധികം കൂടുമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് സിയോസിയാങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെയ് പറഞ്ഞു. ചിപ്പ് ഒരിക്കല്‍ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍ പുറത്തുവിടും. മദ്യാസക്തി അമിതമായവരില്‍ ചികിത്സിക്കുന്നതിനു നാല്‍ട്രക്സോണ്‍ ഉപയോഗിക്കാറുണ്ട്.