പാലക്കാട്: പാലക്കാട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനത്തിന് അവസരം. എസ്.എസ്.എൽ.സി മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാം. എല്ലാ ആഴ്ചയും സെന്ററിൽ നടത്തുന്ന ജോബ് ഡ്രൈവ്, മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് എന്നിവ മുഖാന്തിരം വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ വികസന ക്ലാസുകളും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും സൗജന്യമായി നൽകും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്ട്രേഷൻ ഫീസായ 250 രൂപയും സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.

