എ ഐ ക്യാമറ; നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി

തിരുവനന്തപുരം: എ ഐ ക്യാമറ ഉപയോഗിച്ച് കണ്ടെടുത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ആരംഭിക്കുന്നത് വൈകാൻ സാധ്യത. മെയ് 20 മുതലാണ് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം, പിഴ ഈടാക്കാനുള്ള പ്രാരംഭ നടപടിയായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

കഴിഞ്ഞ ദിവസം മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയക്കുക. നിലവിൽ നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ല. ഗതാഗത നിയമലംഘനങ്ങൾക്ക് എ ഐ കാമറകൾ വഴി മെയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്രചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമം. സംസ്ഥാനങ്ങൾക്ക് ഇത് മാറ്റാനുള്ള അധികാരമില്ല. 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതിന് അനുവാദം നൽകാൻ ഈ നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം 19ന് ചേരുന്ന ഉന്നത യോഗം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി വിശദീകരിച്ചിട്ടുണ്ട്.